രാജ്യം ഏറെ ആകാംഷയോടെ നോക്കിയ ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ സാങ്കേതിക വിജയം ബിജെപിക്കൊപ്പം തന്നെയാണ്. എന്നാല്‍ രണ്ടിടങ്ങളിലേയും വിജയത്തില്‍ ബിജെപിക്ക് അത്രകണ്ട് അഹങ്കരിക്കാന്‍ കഴിയില്ല. ഗുജറാത്തില്‍ പ്രതീക്ഷിച്ചത്ര നേട്ടമുണ്ടാക്കാനായിട്ടില്ല എന്നതുതന്നെയാണ് കാരണം.
നഗരപ്രദേശങ്ങളും ദക്ഷിണ ഗുജറാത്തും മധ്യഗുജറാത്തും മാത്രമെ അവരെ തുണച്ചിട്ടുള്ളൂ . കൂടാതെ പരമ്പരാഗത വോട്ടുകളിലും ചോര്‍ച്ച നേരിട്ടു. പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേലും ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിയും ഒബിസി നേതാവായ അല്‍പേഷ് താക്കുറും ബിജെപി കോട്ടകളില്‍ വിളളല്‍ വീഴ്ത്തിയെന്നു തന്നെയാണ് ഫലസൂചനകള്‍ വ്യക്തമാക്കുന്നത്.
കേന്ദ്രത്തില്‍ അധികാരത്തിന്റെ നാലാം വര്‍ഷം പിന്നിടുന്ന മോദിക്കുള്ള താക്കീതാണ് ഈ നേരിയ വിജയമെന്നതാണ് സത്യം. പ്രധാനമന്ത്രിയായി മോദി ദേശീയ രാഷ്ട്രീയത്തിലിറങ്ങിയതോടെ ഗുജറാത്തിലെ പ്രാദേശിക നേതൃത്വം തന്നെ ദുര്‍ബലമായതായി ബിജെപി നേതൃത്വവും വിലയിരുത്തുന്നു. 1995 നുശേഷം തുടര്‍ച്ചയായ തിരഞ്ഞെടുപ്പുകളില്‍ വിജയം നേടിയെങ്കിലും വോട്ട് ശതമാനത്തിലും ബിജെപിക്ക് കുറവ് നേരിടേണ്ടി വന്നു. നോട്ട് നിരോധനവും ജിഎസ്ടിയും മൂലമുണ്ടായ കാര്‍ഷിക പ്രതിസന്ധികളും വ്യാവസായിക മേഖലകളിലെ തളര്‍ച്ചയും ഗുജറാത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടു.
ഇതേ രാഷ്ട്രീയ സാഹചര്യം നിലനില്‍ക്കുകയാണെങ്കില്‍ വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും ബിജെപിക്ക് നന്നേ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്നതില്‍ സംശയമില്ല. ബിജെപി നേതാക്കള്‍ പുറമേയ്ക്ക് കാണിക്കുന്ന ആത്മവിശ്വാസം എന്തുമാകട്ടെ, ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന അപായ സൂചനകള്‍ അവരുടെയുള്ളില്‍ മുഴങ്ങിക്കൊണ്ടേയിരിക്കുകയാണ്. ഇതില്‍ നിന്നും പുറത്തുകടക്കാന്‍ കഴിയില്ലെന്നും അതിന് നന്നേ പണിപ്പെടെണ്ടിവരുമെന്നും അവര്‍ക്കറിയാം എന്നതാണ് യാഥാര്‍ത്ഥ്യം
No comments:
Post a Comment