പോസ്റ്റർ
കമോൺഡ്രാ മഹേഷേ ....!!
ഇടക്കാലത്തു കണ്ടതിൽ വച്ച് ഏറ്റവും നന്നായി ആസ്വദിച്ച മലയാള ചിത്രമാണ് മഹേഷിന്റെ പ്രതികാരം .ദൃശ്യഭാഷയുടെ മനോഹാരിതയും ലളിതമായ രചനയും കൊണ്ട് രസാനുഭവമാക്കുന്ന മികച്ച ചിത്രം .ഒരു വള്ളിച്ചെരുപ്പിന്റെ ക്ലോസപ്പ് ഷോട്ടിൽ നിന്നാണ് മഹേഷിന്റെ പ്രതികാരം ആരംഭിക്കുന്നത്.ഇടുക്കിയിലെ പ്രകാശ് എന്ന ഗ്രാമത്തിലെ ഭാവന സ്റ്റുഡിയോയുടെഇപ്പോഴത്തെനടത്തിപ്പുകാരനാണ്മഹേഷ്.പരമ്പരാഗതമായി കിട്ടിയ ജോലി ചെയുന്നു എന്നല്ലാതെ യാതൊരു അഭിനിവേശവും സമർപ്പണഭാവവും ഫോട്ടോഗ്രാഫിയിൽ മഹേഷിനില്ല.ചാച്ചനാണ് വീട്ടിൽ മഹേഷിനു കൂട്ട് .ആര്ടിസ്റ് ബേബിച്ചായൻ ഉറ്റസുഹൃത്തും.സംഭാഷണ പ്രധാനമായി കഥ പറയുന്ന മലയാള ചിത്രങ്ങൾക്കിടയിലേക്ക് ദൃശ്യ ഭാഷയുടെ ഒരവതരണത്തിന് മുൻതൂക്കം നൽകുകയാണ് സംവിധായകൻ ദിലീഷ് പോത്തൻ.
ഇടുക്കിയിലെ സാധാരണ ജനതയുടെ ജീവിതങ്ങളും ആൾക്കൂട്ടങ്ങളിലെ ഇടപെടലുകളും നർമ്മത്തിലൂന്നി ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.ജിംസനും മഹേഷുമായി കവലയിൽ വച്ച് നടക്കുന്ന അടിപിടി, മരണവീട്ടിലെ മധ്യസ്ഥത എന്നീ രംഗങ്ങളെല്ലാം ഇതിനുദാഹരണമാണ്.അതോടൊപ്പംതന്നെ ശ്യം പുഷ്ക്കരൻഎന്ന തിരക്കഥാകൃത്തിന്റെ രചന വൈഭവവും എടുത്തുപറയേണ്ടതാണ്. ഒപ്പം ഫഹദ് ഫാസിൽ എന്ന നടന്റെ ഒരത്യുഗ്രന് തിരിച്ചുവരവുമാണ് ഈ ചിത്രം.
സൗബിൻ ഷാഹിർ എന്ന നടന്റെ പ്രകടനമാണ് അടുത്തതായി ചിത്രത്തിൽ എടുത്ത് പറയേണ്ടത്. തന്റേതായ ശൈലിയിലൂടെ വീണ്ടും സൗബിൻ പ്രേക്ഷകരെ കൈയിലെടുക്കുന്നു . ആര്ടിസ്റ് ബേബി എന്ന കഥാപാത്രത്തിലൂടെ അലൻസിയർ ഒരു മികച്ചനടനാണെന്നു സ്വയം തെളിയിക്കുന്നു.അനുശ്രീ 'സൗമ്യ' എന്ന കഥാപാത്രം ഗംഭീരമാക്കി എന്ന് തന്നെ പറയാം.കൂടാതെ ചാച്ചനായി എത്തിയ കെ എൽ ആന്റണി,ജിൻസി ആയ അപർണ ബാലമുരളി ,ലിജോ മോൾ എന്നിവരുടെ പ്രകടനവും എടുത്ത് പറയേണ്ടതാണ്.
അഭിനേതാക്കോളോടൊപ്പം സാങ്കേതിക പ്രവർത്തകരും കൈയ്യടി നേടുന്ന ചിത്രമാണ് മഹേഷിന്റെ പ്രതികാരം. അതിൽ ആദ്യം എടുത്ത് പറയേണ്ടത് ഛായാഗ്രാഹകൻ ഷൈജു ഖാലിദിനെ പറ്റിയാണ്. ചിത്രത്തിലെ പല രംഗങ്ങളിലൂടെയും തന്റെ ക്യാമറയെ ഷൈജു ഖാലിദ് വിസ്മയിപ്പിക്കുന്നു. അനുകരണ, അവർത്തനമല്ലാത്ത ഗാനങ്ങൾ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. സംഗീത സംവിധായകൻ ബിജി പാലിന്റെ ഗാനങ്ങൾ ചിത്രത്തെ കൂടുതൽ ഹൃദ്യമാക്കുന്നു.
കോസ്റ്യൂം ഡിസൈനർ സമീറ സനീഷ് ,കല സംവിധായകൻ അജയൻ ചാലിശ്ശേരി തുടങ്ങിയവരുടെ സംഭാവനകൾ ചിത്രത്തെ കൂടുതൽ മികച്ചതാക്കുന്നു.ഓരോ സാധാരണ പ്രേക്ഷകനും ഉള്ളു തുറന്നു കാണുവാനും മനസ്സ് തുറന്നു ചിരിക്കുവാനും ഉതകുന്ന സിനിമയാണ് മഹേഷിന്റെ പ്രതികാരം എന്ന് നിസംശയം പറയാം.
No comments:
Post a Comment