ആദ്യ ചിത്രം മനോഹരമാക്കിയ പല സംവിധായകരുടെയും അടുത്ത ചിത്രത്തിന് അതെ പ്രതീക്ഷയുമായി പോയാൽ പ്രതീക്ഷകളൊക്കെ തെറ്റുന്നതാണ് പതിവ് . എന്നിട്ടും തൊണ്ടിമുതലും ദൃക്‌സാക്ഷിയും കാണാനായിപ്പോയത് ദിലീഷ് പോത്തൻ എന്ന സംവിധായകനിലുള്ള വിശ്വാസം ഒന്നുകൊണ്ടുമാത്രമാണ് .എന്തായാലും ആ പ്രതീക്ഷ തെറ്റിയില്ല . രണ്ടാം ചിത്രവും ഗംഭീരം . ഇനി സിനിമയുടെ കഥയിലേക്കു കടക്കാം .
പോസ്റ്റർ
ജാതിയെ മറികടന്ന് വിവാഹം കഴിഞ് വെള്ളത്തിന്റെ നാടായ ആലപ്പുഴയിൽനിന്നും വരണ്ടുണങ്ങിയ കാസർഗോഡേക്ക് നാടുവിടേണ്ടിവരുന്ന പ്രസാദും ശ്രീജയും പുതുതായി അവർ വാങ്ങിയ സ്ഥലത്ത് കുഴൽകിണർ കുഴിക്കാൻ ആകെയുള്ള രണ്ടര പവന്റെ മാല പണയം വയ്ക്കാൻ പോകവേ ,ബസിൽ അത് മോഷണം പോകുന്നു. തുടർന്ന് ഷേണി പോലീസ് സ്റ്റേഷനിൽ നടത്തുന്ന അന്വേഷണമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയുടെ കേന്ദ്ര വിഷയം . ശ്രീജയായി പുതുമുഖം നിമിഷ സജയനും പ്രസാദായി സൂരജ് വെഞ്ഞാറമൂടും മറ്റൊരു പ്രസാദായി ഫഹദ് ഫാസിലും വേഷമിടുന്നു.
മൂവി സ്റ്റിൽ
ചിത്രത്തിന്റെ തുടക്കത്തിൽ മഞ്ഞുകൊള്ളാന് മാത്രമില്ലെന്നു പറഞ് നാടകം കാണുന്നത് മതിയാക്കി പുറത്തേക്കു വരുന്ന സുരാജിന്റെ പ്രസാദിന്റെ കഥാപാത്രത്തെ , നമ്മളിൽ ഒരാളെന്ന് അടിവരയിട്ടു സംവിധായകൻ ഉത്സവപ്പറമ്പുകൾക്ക് പരിചിതമായ കള്ളുകുടി സദസ്സിലേക്ക് എത്തിക്കുന്നു .അടുത്ത ദിവസം ചെറിയൊരു കട്ടിലിൽ ഉറാകുന്ന പ്രസാദിനെ 'അമ്മ ഉണർത്തുന്നത് ,ഇസ്തിരി മേശയായി അതിനെ പരിവർത്തനം ചെയ്യാനാണ് .ചെറിയ സീനുകളിലൂടെയാണെങ്കിലും നാടകത്തെയും കോൽക്കളിയേയുമൊക്കെ സാധാരണ പോലീസുകാരുടെ ജീവിതത്തെയും സ്പർശിച്ചു പോകാൻ സിനിമ ശ്രദ്ധിക്കുന്നുണ്ട് .വളരെ പ്രകടമായല്ലെങ്കിലും റിയലിസത്തിനപ്പുറം സോഷ്യൽ റിയലിസം എന്ന വിശാലമായ മേഖലയിലേക്ക് , വിഭിന്ന കഥാപാത്രങ്ങളിലൂടെ ,സംഭാഷണങ്ങളിലൂടെ സംവിധായകനും തിരക്കഥാകൃത്തു സജീവപഴൂരും ക്രീയേറ്റീവ് ഡയറക്ടർ ശ്യാം പുഷ്കരനും ചെന്നെത്തുന്നു.
മൂവി സ്റ്റിൽ
No comments:
Post a Comment