Thursday, 31 August 2017

എം.ടി വാസുദേവന്‍ നായര്‍- പ്രൊഫൈല്‍

എം.ടി. ഞാന്‍ വരച്ച ചിത്രം  

വാക്കുകളെ കാലത്തിനപ്പുറം പ്രതിഷ്ഠിച്ച എഴുത്തുകാരനാണ് എം.ടി. വാസുദേവന്‍ നായര്‍. കര്‍മ്മ മേഖലകളിലെല്ലാം സജീവസംഭാവനകള്‍. തലമുറകളുടെ സ്‌നേഹവാത്സല്യങ്ങളും സ്‌നേഹാദരങ്ങളും ഒരേ അളവില്‍ പിടിച്ചു വാങ്ങിയ അതുല്യ പ്രതിഭ.
നക്ഷത്രസമാനമായ വാക്കുകളെ തലമുറകള്‍ക്കായി അദ്ദേഹം കാത്തുവച്ചു.
1933 ജൂലൈ 15 ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരില്‍ ജനിച്ചു. അച്ഛന്‍ ശ്രീ പുന്നയൂര്‍ക്കുളം ടി. നാരായണന്‍ നായരും അമ്മ ശ്രീമതി അമ്മാളു അമ്മയും.നാലാണ്‍മക്കളില്‍ ഏറ്റവും ഇളയ ആളായിരുന്നു എം.ടി. തന്റെ ആത്മകഥാംശമുള്ള കൃതികളില്‍ വ്യക്തമാക്കിയിരിക്കുന്നതുപോലെ ഇല്ലായ്മകളും വല്ലായ്മകളും നിറഞ്ഞ ഒരു ബാല്യമായിരുന്നു അദ്ദേഹത്തിന്റേത്.
മലമക്കാവ് എലിമെന്ററി സ്‌കൂള്‍, കുമരനെല്ലൂര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്ന് 1953ല്‍ രസതന്ത്രത്തില്‍ ബിരുദം നേടി. ബിരുദം പൂര്‍ത്തിയാക്കിയ ശേഷം കുറച്ചുകാലം അധ്യാപകനായി ജോലി നോക്കി. തുടര്‍ന്ന് 1957ല്‍ മാതൃഭൂമിയില്‍ സബ് എഡിറ്ററായി ജോലിയില്‍ പ്രവേശിച്ചു. 
സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ക്കേ സാഹിത്യരചനയില്‍ താല്പര്യം കാണിച്ചിരുന്നു. വിക്ടോറിയ കോളേജില്‍ ബിരുദത്തിനു പഠിക്കുമ്പോള്‍ 'രക്തം പുരണ്ട മണ്‍തരികള്‍' എന്ന ആദ്യത്തെ ചെറുകഥ പ്രസിദ്ധീകൃതമായി. എന്നാല്‍ അന്‍പതുകളുടെ രണ്ടാം പകുതിയിലാണ് സജീവ സാഹിത്യകരാന്‍ എന്ന നിലക്കുള്ള എം.ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചിറകു മുളയ്ക്കുന്നത്. 'പാതിരാവും പകല്‍വെളിച്ചവും' എന്ന ആദ്യനോവല്‍ ആഴ്ച്ചപ്പതിപ്പില്‍ ഖണ്ഡശയായി  പുറത്തുവരുന്നത് ആ സമയത്താണ്. 1958ല്‍ പ്രസിദ്ധീകരിച്ച 'നാലുകെട്ട്' ആണ് ആദ്യം പുസ്തകരൂപത്തില്‍ പുറത്തു വന്നത്. തകരുന്ന നായര്‍ത്തറവാടുകളിലെ വൈകാരിക പ്രശ്‌നങ്ങളും മരുമക്കത്തായത്തിനെതിരെ ചൂണ്ടുവിരലുയര്‍ത്തുന്ന ക്ഷുഭിതയൗവ്വനങ്ങളുടെ കഥ പറഞ്ഞ നോവല്‍ 1959ലെ കേരളസാഹിത്യഅക്കാദമി പുരസ്‌കാരം നേടി. 
പരിചിതമായ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് പിന്നീടുള്ള വര്‍ഷങ്ങളില്‍ കാലാതിവര്‍ത്തിയായ പല നോവലുകളും അദ്ദേഹം എഴുതി. 'കാലം', 'അസുരവിത്ത്, 'വിലാപയാത്ര', 'മഞ്ഞ്, എന്‍.പി.മുഹമ്മദുമായി ചേര്‍ന്നെഴുതിയ 'അറബിപ്പൊന്ന്,  'രണ്ടാമൂഴം' തുടങ്ങിയ നോവലുകള്‍. കൂടാതെ വായനക്കാര്‍ നെഞ്ചോടു ചേര്‍ത്ത ഒട്ടനവധി പ്രസിദ്ധമായ ചെറുകഥകളും നോവലെറ്റുകളും. 1984ല്‍ ആണ് 'രണ്ടാമൂഴം' പുറത്തു വരുന്നത്. ഭീമനെ കേന്ദ്രകഥാപാത്രമാക്കി, മഹാഭാരതം കഥയിലെ പല ഏടുകളും ഭീമന്റെ വീക്ഷണകോണില്‍ നിന്ന് നോക്കിക്കാണുന്ന വിധത്തില്‍ എഴുതിയ ജനസ്വീകാര്യതയേറെ ലഭിച്ച കൃതിയായിരുന്നു അത്. അതിനു ശേഷം 'തൊണ്ണൂറുകളിലാണ് 'വാരണാസി' പുറത്തുവന്നത്. 
1957 ല്‍ മാതൃഭൂമിയില്‍ സബ്എഡിറ്ററായി ജോലിയില്‍ പ്രവേശിച്ച എം.ടി. 1968ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി. 1981ല്‍ ആ സ്ഥാനം രാജി വെച്ചു. 1989 ല്‍ പീരിയോഡിക്കല്‍സ് എഡിറ്റര്‍ എന്ന പദവിയില്‍ തിരികെ മാതൃഭൂമിയില്‍ എത്തി. മാതൃഭൂമിയില്‍ നിന്നു വിരമിച്ച ശേഷം കേരളസാഹിത്യഅക്കാദമിയുടെ അധ്യക്ഷനായും പിന്നീട് തുഞ്ചന്‍ സ്മാരകസമിതിയുടെ അധ്യക്ഷനായും സേവനമനുഷ്ഠിച്ചു. നിലവില്‍ തുഞ്ചന്‍ സ്മാരകസമിതിയുടെ അധ്യക്ഷനാണ് അദ്ദേഹം.
സാഹിത്യജീവിതം പോലെ തന്നെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് എം.ടിയുടെ സിനിമാജീവിതവും. സാഹിത്യജീവിതത്തിന്റെ തുടര്‍ച്ച തന്നെയായിരുന്നു അദ്ദേഹത്തിന്റെ സിനിമാജീവിതവും. സ്വന്തം കൃതിയായ മുറപ്പെണ്ണിന് തിരക്കഥയെഴുതിയാണ് എം.ടി. ചലച്ചിത്രലോകത്തു പ്രവേശിക്കുന്നത്. തുടര്‍ന്ന് തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിങ്ങനെ മലയാളചലച്ചിത്രചരിത്രത്തിലെ നാഴികക്കല്ലുകളായി മാറിയ അന്‍പതിലേറെ ചലച്ചിത്രങ്ങളുടെ പിന്നണിയില്‍ അദ്ദേഹമുണ്ടായിരുന്നു. 'നിര്‍മ്മാല്യം' (1973), ബന്ധനം (1978), മഞ്ഞ് (1982), വാരിക്കുഴി (1982), കടവ് (1991), ഒരു ചെറുപുഞ്ചിരി (2000) എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
2005ല്‍ രാജ്യം അദ്ദേഹത്തെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. സാഹിത്യരംഗത്ത് ഭാരതത്തില്‍ നല്‍കപ്പെടുന്ന ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമായ ജ്ഞാനപീഠം 1995ല്‍ എം.ടി.ക്ക്  ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ( കാലം ), കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ( നാലുകെട്ട് ), വയലാര്‍ അവാര്‍ഡ് ( രണ്ടാമൂഴം), മാതൃഭൂമി പുരസ്‌കാരം, ഓടക്കുഴല്‍ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, പത്മരാജന്‍ പുരസ്‌കാരം എന്നിങ്ങനെ എണ്ണപ്പെട്ട പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചു. മലയാളസാഹിത്യത്തിനു നല്‍കിയ അമൂല്യ സംഭാവനകള്‍ കണക്കിലെടുത്ത് കോഴിക്കോട് സര്‍വകലാശാലയും മഹാത്മഗാന്ധി സര്‍വ്വകലാശാലയും അദ്ദേഹത്തിനു് ഡി.ലിറ്റ്. ബിരുദം നല്‍കി ആദരിച്ചു.  അദ്ദേഹത്തിന്റെ ആദ്യസംവിധാനം ചെയ്ത 'നിര്‍മ്മാല്യം' 1973 ലെ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. ഇതിന് പുറമേ മുപ്പതിലേറെ ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ അദ്ദേഹത്തിന് ലഭിച്ചു.

No comments:

Post a Comment